യേശു വിവാഹിതനെന്ന രേഖ ലഭിച്ചെന്ന് ചരിത്രഗവേഷക
റോം: യേശുക്രിസ്തു വിവാഹിതനായിരുന്നു എന്ന് തെളിയിക്കുന്ന രേഖ ലഭിച്ചെന്ന പേരില്‍ പുതിയ വിവാദം. ക്രിസ്തുവിന് ഭാര്യയുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരു ചരിത്ര ഗവേഷക രംഗത്തെത്തിയത് സഭാവിശ്വാസികള്‍ക്കിടയില്‍ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്.
യേശു വിവാഹിതനായിരുന്നു എന്ന് സൂചന നല്‍കുന്ന പാപ്പിറസ് രേഖയുടെ പിന്‍ബലത്തില്‍ ചോദ്യമുയര്‍ത്തുന്നത് ഒരു ചരിത്രഗവേഷകയാണ്. കരേന്‍ കിംഗ് എന്ന ദൈവശാസ്ത്ര ഗവേഷക തനിക്ക് ലഭിച്ച പാപ്പിറസ് താളില്‍ പുരാതന ഈജിപ്ഷ്യന്‍ ലിപിയിലെഴുതിയ വാക്കുകള്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു: യേശു അവരോട് പറഞ്ഞു, എന്റെ ഭാര്യ.
നാലാം നൂറ്റാണ്ടിലെഴുതപ്പെട്ടതാണ് ഈ പാപ്പിറസ് രേഖയെന്ന് പുരാവസ്തുവിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇത് യേശുവിന്റെ ഭാര്യയാല്‍ എഴുതപ്പെട്ട സുവിശേഷത്തിന്റെ ഭാഗമാണെന്നും യേശുവിന്റെ ജീവിതത്തെക്കുറിച്ച് അവ്യക്തമായ മൂന്നുവര്‍ഷങ്ങള്‍ ഈ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കാമെന്നാണ് കരേന്റെ പ്രതീക്ഷ.
പുരാതന ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ യേശു വിവാഹിതനായിരുന്നു എന്ന് വിശ്വസിച്ചിരുന്നു എന്നതിന് സൂചനയായി കരേന്‍ തന്റെ കണ്ടെത്തലുകള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ രേഖയെ എതിര്‍ക്കാനല്ല മറുപക്ഷത്തിന്റെ ശ്രമം. വരികളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭാര്യ എന്ന പദം യേശുക്രിസ്തുവും ക്രൈസ്തവവിശ്വാസവും തമ്മിലുള്ള ഗാഢബന്ധത്തിന്റെ തെളിവാണെന്ന് അവര്‍ വാദിക്കുന്നു.
ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചികോഡില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളെ പിന്തുണയ്ക്കുന്ന വരികളും ഈ രേഖയില്‍ കണ്ടെത്തിയത്രെ. തന്റെ ശിഷ്യയാകാന്‍ മഗ്ദലനമറിയം എന്തുകൊണ്ടും യോഗ്യയാണെന്ന് യേശു പറഞ്ഞതായി പാപ്പിറസ് താളുകളില്‍ എഴുതപ്പെട്ടിരിക്കുന്നു. ഡാന്‍ ബ്രൗണിന്റെ നോവലിന്റെ കേന്ദ്രപ്രമേയം തന്നെ മഗ്ദലനമറിയം യേശുവിന്റെ ശിഷ്യഗണത്തില്‍ പ്രധാനിയായിരുന്നു എന്നും ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു എന്നതുമാണ്. കഥയും ചരിത്രവും എന്തു തന്നെയായാലും സഭാവിശ്വാസത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള പുതിയ സംവാദത്തിനാണ് ഈ പാപ്പിറസ് രേഖ കാരണമായിരിക്കുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

























