പിരിച്ചുവിടലിനെതിരായ നിയമപോരാട്ടം ജയിച്ച് നഴ്‌സ് സുശീല
കണ്ണൂര്‍: എകെജി ആശുപത്രിയില്‍ നിന്നും പിരിച്ചവിട്ടതിനെതിരെ കൊയ്യോട് സ്വദേശിനി പി വി സുശീല നടത്തിയ നിയമപോരാട്ടം നഴ്‌സിംഗ് മേഖലയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ ഒന്നാണ്. സിപിഐ(എം) നിയന്ത്രണത്തിലുള്ള സ്ഥാപനം നടത്തിയ തൊഴിലാളി വിരുദ്ധ നിലപാടുകളെ തുറന്നുകാട്ടാനും കേസിലൂടെ സുശീലയ്ക്ക് സാധിച്ചു.
എകെജി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലിചെയ്യുന്നതിനിടെ 1996ലാണ് അതേ ആശുപത്രിയില്‍ സുശീല ട്യൂബ് പ്രഗനന്‍സി ഓപ്പറേഷന് വിധേയയായത്. എന്നാല്‍ സുശീലയുടേയോ ബന്ധുക്കളുടേയോ സമ്മതമില്ലാതെ അണ്ഡാശയം മുറിച്ചു മാറ്റി. ഇതിനെതിരെ പരാതി നല്‍കിയപ്പോഴാണ് ആശുപത്രിക്കെതിരെ നുണപ്രചരണ നടത്തുന്നുവെന്ന് ആരോപിച്ച് പിരിച്ചുവിട്ടത്. സിപിഐ(എം) നേതാവും ഇപ്പോള്‍ എല്‍ഡിഎഫ് ജില്ലാകണ്‍വീനറുമായ കെ പി സഹദേവനായിരുന്നു ആശുപത്രി സമിതി ചെയര്‍മാന്‍.
പിരിച്ചുവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ നിന്നും സുശീലയ്ക്ക് അനുകൂലമായ വിധി വന്നു. 7 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ആശുപത്രി അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുശീലയ്ക്ക് 12 ലക്ഷം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
സജീവ സിപിഐ(എം) പ്രവര്‍ത്തകരായ സുശീലയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് സുശീല നിയമ പോരാട്ടം നടത്തിയത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
































