മാവോബന്ധം ആരോപിച്ച് പെണ്‍കുട്ടികള്‍ക്ക് പോലീസ് പീഡനം

Published: January 3, 2013 | By:  വെബ് ഡെസ്‌ക്‌  |    comments
girl-torture
Facebook Google +

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാവേലിക്കരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം. പോലീസ് തങ്ങളോട് ലൈംഗികച്ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചതായി കുട്ടികള്‍ ഇന്ത്യാവിഷനോട് പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ പാസ്‌വേര്‍ഡ് തന്നില്ലെങ്കില്‍ പുറംലോകം കാണില്ലെന്ന് പോലീസ് സംഘം ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.

മാവോബന്ധം ആരോപിക്കപ്പെട്ട മാതാപിതാക്കളുടെ മക്കളാണിവര്‍. 16ഉം 10ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പോലീസിന്റെ പീഡനം നേരിടേണ്ടിവന്നത്. രക്ഷിതാക്കള്‍ മാവോയിസ്റ്റുകളാണെങ്കില്‍ തങ്ങളെ പീഡിപ്പിക്കുന്നതെന്തിനാണെന്ന് കുട്ടികള്‍ ചോദിച്ചു. മാതാപിതാക്കള്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് പോലീസ് കുടുംബത്തെ നിരന്തരം വേട്ടയാടുകയാണ്. ഇതിനു മുമ്പ് ഇവരുടെ വീട്ടില്‍ പോലീസ് അതിക്രമിച്ചു കയറിയിട്ടുണ്ട്.

മാവേലിക്കരയിലെ ഒരു സാംസ്‌കാരിക കൂട്ടായ്മക്കിടെയാണ് പെണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നീതി കിട്ടുമോയെന്ന് സംശയമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പരാതി നല്‍കിയിട്ടില്ലെന്നും കുട്ടികള്‍ പറഞ്ഞു.

പതിനാറു വയസ്സുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍, പൊലീസ് കസ്റ്റഡിയിലെ ദുരനുഭവം……  

‘ഞങ്ങള്‍ അവിടെ യോഗം ചേരുന്നതിനിടെ, ശശിയെന്നു പേരുള്ള ഒരു പോലീസുകാരനാണ് ആദ്യം വന്നത്. അദ്ദേഹം വന്ന് എന്താണ് ഇവിടെയെന്ന് അന്വേഷിച്ചു. സാംസ്‌കാരിക കൂട്ടായ്മയാണെന്ന് ഞങ്ങള്‍ മറുപടി നല്‍കി. അവര്‍ വിലാസം കുറിച്ചെടുത്തു കൊണ്ടു പോയി അല്‍പനേരത്തിനുള്ളില്‍ മാവേലിക്കര സിഐയും എസ്‌ഐയും വന്ന് ഞങ്ങള്‍ ഏഴു പേരെ അറസ്റ്റു ചെയ്തു മാവേലിക്കര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഐബി ഉദ്യോഗസ്ഥരടക്കം നീണ്ട നേരം ചോദ്യം ചെയ്തു.

അതിനു ശേഷം ഒരു വനിത കോണ്‍സ്റ്റബിള്‍ വന്നു. ഞാന്‍ കന്യകയാണോയെന്നായിരുന്നു ആദ്യ ചോദ്യം. തുടര്‍ന്ന് ഇക്കൂട്ടത്തില്‍ ആരെങ്കിലുമായി ഞാന്‍ സെക്‌സ് ചെയ്തിട്ടുണ്ടോ, പുറത്തുള്ള ആരെങ്കിലുമായി സെക്‌സ് ചെയ്തിട്ടുണ്ടോ, സ്വയം ഭോഗം ചെയ്തിട്ടുണ്ടോ, കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോ ഇങ്ങനെ നിരവധി ചോദ്യങ്ങള്‍. എന്തായാലും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടെങ്കില്‍, അത് ലൈംഗികബന്ധത്തിലൂടെയാണോ, സ്വയംഭോഗത്തിലൂടെയാണോയെന്ന് വൈദ്യ പരിശോധനയില്‍ അറിയും. വനിതാ കോണ്‍സ്റ്റബിള്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു പോലീസുകാരന് അറിയേണ്ടത് എന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡുമായിരുന്നു. ഇവര്‍ രണ്ടുപേരും യൂണിഫോം ധരിച്ചിരുന്നില്ല. യൂസര്‍ നെയിമും പാസേ്‌വേഡും നല്‍കാന്‍ തയ്യാറല്ലെന്നു ഞാന്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ആര്‍ക്കു മുന്നിലും ഞാന്‍ എന്റെ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. അപ്പോള്‍ തന്നില്ലെങ്കില്‍ അടുത്തൊന്നും പുറംലോകം കാണിക്കില്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എങ്കില്‍ അങ്ങനെ ആയിക്കോട്ടെയെന്ന് ഞാന്‍ അറിയിച്ചു. ഇത്തരം ചോദ്യം ചെയ്യലൊക്കെ പത്തു വയസ്സുള്ള എന്റെ അനിയത്തിയുടെ മുന്നില്‍ വച്ചാണ്.

രാത്രി രണ്ടു മണിയോടെ ഞങ്ങളെ ബധനി മഠത്തിലേക്ക് താമസിക്കാനായി കൊണ്ടുപോയി. അത് നടന്നില്ല. തിരികെയെത്തിയപ്പോള്‍ അമ്മമ്മ വന്നിരുന്നു. പക്ഷെ അമ്മമ്മയ്ക്ക് അടുത്തേക്ക് എന്നെ അടുപ്പിച്ചില്ല. ഞങ്ങളെ ഒപ്പം വിടാതെ അമ്മമ്മയെ തിരിച്ചയച്ചു.

ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്നാണ് അവര്‍ പറയുന്നത്. മാതാപിതാക്കളായ രൂപേഷും ഷൈനിയും മാവോയിസ്റ്റുകളാണെങ്കില്‍ മക്കള്‍ അങ്ങനെയാകണമെന്നുണ്ടോ. ഞങ്ങള്‍ സാംസ്‌കാരിക കൂട്ടായ്മയ്ക്കായാണ് അവിടെയെത്തിയത്. സാംസ്‌കാരിക കൂട്ടായ്മ എന്തിന്റെ പേരിലാണെന്നൊന്നും അവര്‍ ചോദിച്ചില്ല, പോലീസിന് അറിയേണ്ടത് എന്റെ മാതാപിതാക്കള്‍ എവിടെയാണെന്നായിരുന്നു.

രാത്രി ഞങ്ങളെ മഹിളാ മന്ദിരത്തിലാണ് താമസിപ്പിച്ചത്. പിറ്റേ ദിവസം ആറ് മണിയോടെയാണ് തിരികെയെത്തുന്നത്. വീട്ടിലേക്ക് പോകുന്നില്ലേ, ഇവിടെത്തന്നെ കൂടാനാണോ പ്ലാന്‍ എന്ന് അവര്‍ ചോദിച്ചു. വല്യച്ചനെ വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു. അമ്മമ്മയെ വിളിക്കണ്ട, എഴുപത്തിയഞ്ച് വയസ്സായ സ്ത്രീയാണ്. അവരെ എത്രയെന്നു വച്ചാണ് ബുദ്ധിമുട്ടിക്കുന്നത്. എന്റെ ഓര്‍മ്മയില്‍ നിന്നാണ് വല്യച്ചന്റെ നമ്പര്‍ കൊടുത്തത്. ഫോണ്‍ തരാന്‍ അപ്പോള്‍ പോലീസ് തയ്യാറായില്ല. വല്യച്ചനെത്തി, അഞ്ച് മണിയോടെ ഞങ്ങളെ ജുവനൈല്‍ ജസ്റ്റിസിനടുത്ത് ഹാജരാക്കി. വൈദ്യ പരിശോധന നടത്തുമെന്ന് ജുവനൈല്‍ ജസ്റ്റിസ്  ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് ഉണ്ടായില്ല. ഞങ്ങളെ വിട്ടയച്ചു.

അങ്ങനെ ഡിസംബര്‍ 29, 30 തീയതികളിലായി അനുഭവിച്ച അപമാനത്തിന് അവസാമായി. ഏഴുപേരെ അറസ്റ്റ് ചെയ്തിട്ട് കേസൊന്നും ഉണ്ടായില്ല. പക്ഷെ എല്ലാ മാധ്യമങ്ങളിലും മാവോയിസ്റ്റുകള്‍ പിടിയില്‍ എന്ന് ഞങ്ങളില്‍ പലരുടെയും ചിത്രങ്ങളും വാര്‍ത്തയും നിറഞ്ഞു.

ഞങ്ങള്‍ പിയുസിഎല്ലില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളിലൊന്നും പരാതി നല്‍കിയിട്ടില്ല. കാരണം അവര്‍ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നീതി പ്രതീക്ഷിക്കാനാകരുമോയെന്ന സംശയമുണ്ട്. ഈ സംശയം ആ വിശ്വാസത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു.

 

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top