മുടിയഴിയ്ക്കാത്ത തെയ്യം

Published: March 5, 2014 | By:  അനിമേഷ് സേവിയര്‍  |    comments Change Font size: (+) | (-)

theyyam_narikodu_52014 ഫെബ്രുവരി ഇരുപത്തേഴ് രാത്രി പതിനൊന്നു കഴിഞ്ഞു. കുളി കഴിഞ്ഞ് ഡ്രെസ് വലിച്ചു കയറ്റുന്നതിനിടയില്‍ ഫോണ്‍.

‘ചേട്ടാ.. വീട്ടീന്ന് ഇറങ്ങിയോ?’ ‘ഇറങ്ങാന്‍ പോകുന്നു. എന്തെ?’ ‘സെക്കണ്ട് ഷോ പതിനോന്നായപ്പോഴെയ്ക്കും കഴിഞ്ഞു എന്ന് പറഞ്ഞ് ജോ, റെയില്‍ വേ സ്‌റെഷനില്‍ ഇരിപ്പുണ്ട്. ഒന്ന് വേഗം ചെല്ലാമോ? ഞങ്ങള്‍ പോന്നിട്ടില്ല. ട്രെയിന്‍ ഇത്തിരി ലേറ്റാണ് എന്ന് പറയുന്നുണ്ട്.’ ‘ഓക്കേ. ഞാന്‍ വേഗം പോവാം.’

മത്തായിയാണ്. തെയ്യം കാണാന്‍ കണ്ണൂര് പോകുന്ന കൊച്ചി ടീമിന്റെ ബാക്ക് ബോണ്‍! ജോ തൃശൂര് നേരത്തെ എത്തിയിരുന്നു. സെക്കന്ഡ് കണ്ട് ഇറങ്ങി ഭക്ഷണം കഴിക്കുമ്പോളെയ്ക്കും ഞാന്‍ അവനൊപ്പം ചേരാം എന്നായിരുന്നു ധാരണ. അതാണ് പൊളിഞ്ഞത് . അവനു വല്ല തമിഴ് പടവും കാണാര്‍ന്നില്ലേ ആവോ.

അര മണിക്കൂറുകൊണ്ട് തൃശൂര് എത്തി. വെറുതേ റെയില്‍വേ പോലീസിനു പണി കൊടുക്കാതിരിക്കാന്‍ രണ്ടു പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്തു. ജോയെ മീറ്റ് ചെയ്തു രണ്ടാം നമ്പര്‍ പ്‌ളാറ്റ്‌ഫൊമിലേയ്ക്കു നീങ്ങവേ സ്‌റ്റേഷനിലെ കൂറ്റന്‍ അക്വോറിയത്തിലെ അരോണ മത്സ്യത്തിന് മുന്നില് കുറച്ചു സമയം നിന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഇനം. എന്നെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവന്‍. ചൈനീസ് മിത്തുകളിലെ സ്വന്തം കഥാപാത്രം. കൊടുത്തു അവനെക്കുറിച്ചു വലിയൊരു കത്തി ജോയുടെ പള്ളയ്ക്ക് ! പാവം ജോ.

രണ്ടാം നമ്പര്‍ പ്‌ളാറ്റ്‌ഫോമില്‍ ഞങ്ങളെ പൊക്കിയെടുത്ത് കണ്ണൂരെത്തിയ്ക്കാനുള്ള കൊട്ടെഷനുമായി തുരുതുരാ ആക്രമണം. വ്യോമഗതാഗതം സേഫല്ല എന്ന് ഉറപ്പിച്ച് ഞങ്ങളും തിരികെ പൊരുതി. കൊതുകുകളുമായി ഒരു മണിക്കൂറിലധികം നീണ്ടു നിന്ന യുദ്ധത്തിനിടയില്‍ മംഗലാപുരം വണ്ടി വന്നു. അത് ഞങ്ങള്‍ക്കുള്ളതല്ല. വണ്ടി വിട്ടപ്പോള്‍ കൊച്ചി ടീമിനെ വിളിച്ചു.

theyyam_narikodu_‘നിങ്ങള്‍ എവിടെ? പറഞ്ഞ കംപാര്‍ട് മെന്റിലൊന്നും കാണാനില്ലല്ലോ.’ ‘അതിനു ഞങ്ങള്‍ അങ്കമാലി എത്തിയെ ഉള്ളല്ലോ.’ ‘ങേ? അപ്പൊ ഞങ്ങള്‍ മംഗലാപുരം ട്രെയിനില്‍ കയറീലോ.’ ‘അയ്യോ.. പണിയായോ?’ ‘കുഴപ്പമില്ല. ഞങ്ങള്‍ പൂങ്കുന്നത്ത് ഇറങ്ങി തിരിച്ചു പോന്നോളാം.’ ‘എന്തേലും ചെയ്യൂ. വേഗം.’

അങ്ങിനെ ആദ്യത്തെ അമിട്ടിന് തിരികൊളുത്തി ഞങ്ങള്‍ സ്‌റ്റെഷനില്‍ ഇരുന്നു ചിരിച്ചു. ഇടയ്ക്കിടയ്ക്ക് വിളി വന്നുകൊണ്ടിരിക്കുകയും ഞങ്ങള്‍ സങ്കല്‍പ്പത്തില്‍ വണ്ടി ചങ്ങല വലിച്ചു നിര്‍ത്തുകയും തിരിച്ചു പോരുകയും ചെയ്തുകൊണ്ടിരുന്നു! വണ്ടി വന്നു. മത്തായിയും ടിജോയും ഞങ്ങളെ എതിരേറ്റു.

‘ഒരു കുഞ്ഞിക്കൊച്ചുണ്ടാര്‍ന്നല്ലോ ?’ ‘ബിന്‌സ്യല്ലേ? അപ്പര് ബെര്‍ത്തില്‍ ഉറക്കമെഷീന്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു.’ ‘ഓക്കെ.’

വേഗം കിടന്നു.

എന്റെ സെറ്റ് ചെയ്തു വച്ച അലാറമുകളില്‍നിന്നു പുലര്‍ച്ചയില്‍ സഹയാത്രികരെ രക്ഷിക്കാനായി. ഫോണ്‍  തലയുടെ അടുത്ത് തന്നെ വച്ചു. പെട്ടെന്ന് ഓഫ് ചെയ്യാന്‍. എവിടെ, അതിനു മുന്‍പേ മത്തായി അലാറം  തുടങ്ങി. എണീറ്റ വശം പതിനഞ്ചു തുമ്മല്‍!

ഈ കുടുംബത്ത് ഞാനറിയാണ്ട് ആരാ കുപ്പി തുറന്നത് എന്ന ആശങ്കയില്‍ എണീറ്റപ്പോള്‍ കാണുന്നത് മാഹി സ്‌റ്റെഷന്‍. പിന്നെ ഉറക്കം വന്നില്ല. എല്ലാവരും കത്തി  തുടങ്ങി. കണ്ണൂരിറങ്ങി തളിപ്പറമ്പിലേയ്ക്കു പോരുന്നതാവും നല്ലത് എന്ന ആതിഥേയ വചനത്തിന്റെ പോരുളന്വേഷിച്ചു ഞങ്ങള്‍ ഇറങ്ങി. പിന്നൊരു ബസ് യാത്ര. അതും കഴിഞ്ഞ് നടത്തം. അവസാനം വേരുകളിറങ്ങി പടര്‍ന്നു വളര്‍ന്നൊരു പേരാല്‍ തണലില്‍ ഞങ്ങളുടെ യാത്ര ചെന്ന് നിന്നു. അതിന്റെ തണലില്‍ തളിപ്പറമ്പ് ഗസ്റ്റ് ഹൗസ്. സമയം ഏകദേശം എട്ടു കഴിഞ്ഞു കാണും. ബാന്ഗളുരു ടീമുകള്‍ എത്തിയിട്ടുണ്ട്. ഒന്നുരണ്ട് പേര് മരച്ചോട്ടില്‍ കിടപ്പുണ്ട്. റൂം ഒന്നേ ഒഴിഞ്ഞ് കിട്ടിയിട്ടുള്ളൂ ഉറക്കം റിസര്‍വ്വില്‍ സൂക്ഷിയ്ക്കാനുള്ള  പരിപാടി.

‘റൂം മുഴുവന്‍ വെക്കേറ്റ് ആയിട്ടില്ല. നമുക്ക് വെയ്റ്റ് ചെയ്യാം.’ ‘അതിന്നെന്താ’ ‘ആരൊക്കെ എത്തി?’ ദിനേശന്‍, ശങ്കര്‍, ജയേഷ്, ശാന്തിനി, അനിക്കുട്ടന്‍, സന്ധ്യ, ദിനെശന്റെം ശങ്കരന്റെം രണ്ടു കൂട്ടുകാര്‍.. പരിചയപ്പെട്ടു. പ്രവിജും കുര്യനും.

theyyam_narikodu_1പല്ല് തേച്ചിട്ടേ എന്തേലും കഴിയ്ക്കൂ എന്ന് പറഞ്ഞവരെ അവഗണിച്ചുകൊണ്ട് ഞാന്‍ ശങ്കറിന്റെ കയ്യിലെ പ്ലാസ്‌റിക് ടിന്നീന്നു ഇഡലിയാക്രമണം തുടങ്ങി. അല്‍പ്പസമയത്തിനകം, ‘ഒരു കാടും പടലവും ഇളകി വരുന്നേ..’ എന്ന മുന്നറിയിപ്പിനോപ്പം പരിപാടിയുടെ സംഘാടകനും സര്‍വ്വോപരി സ്‌നേഹസമ്പന്നനുമായ ഷാജി മുള്ളൂക്കാരന്റെ നാനോ എത്തിചേര്ന്നു. റൂമിന്റെ കാര്യങ്ങള്‍ ശരിയാക്കി ഞങ്ങള്‍ മുണ്ട് വാങ്ങാനിറങ്ങി. അമ്പലത്തില്‍ മുണ്ട് ഒരു സൗകര്യമാണെത്രെ. ഖാദി ഷോറൂം തുറപ്പിച്ചു മുണ്ട് വാങ്ങിയ ആദ്യ പ്ലസര്‍ എന്ന വിശേഷണത്തിന് ഷാജി അര്‍ഹനായി. അതിനിടയില്‍ സര്‍വ്വത്ര ആള്‍ക്കാര്‍ക്കും അറിയാമെങ്കിലും അനോണി ആയി തുടരുന്ന സീന എത്തിചേര്‍ന്നു എന്ന വിവരം കിട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top